Big ticket:മകൾ പിറന്നതിന് പിന്നാലെ 20 മില്യൺ ദിർഹത്തിന്റെ ഭാഗ്യം; കുഞ്ഞിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്ന പ്രവാസിക്ക് ഇത് ഇരട്ടി മധുരം

മസ്കറ്റ്: മകൾ ജനിച്ചതിന്റെ സന്തോഷത്തിന് പിന്നാലെ ഒമാനിലെ പ്രവാസി യുവാവിനെ തേടിയെത്തിയത് 20 മില്യൺ ദിർഹത്തിന്റെ (ഏകദേശം 45 കോടി രൂപ) മഹാഭാഗ്യം. മസ്കറ്റിൽ ജോലി ചെയ്യുന്ന 34-കാരനായ ശാന്തനു ഷെട്ടിഗറാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയിയായത്.

ഡിസംബർ 27-നാണ് ശാന്തനുവിന് പെൺകുഞ്ഞ് ജനിച്ചത്. എന്നാൽ, കുഞ്ഞ് ജനിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നേരിട്ട് കാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ വലിയ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. “എന്റെ മകൾ ഭാഗ്യവുമായാണ് ഈ ലോകത്തേക്ക് വന്നത്,” ശാന്തനു പറയുന്നു.

സ്പാം കോൾ എന്ന് കരുതി ആദ്യം ഫോണെടുത്തില്ല കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ശാന്തനു കഴിഞ്ഞ എട്ട് വർഷമായി മസ്കറ്റിൽ ഒരു ഷോപ്പ് ഇൻ-ചാർജ്ജായി ജോലി ചെയ്യുകയാണ്. ജോലി തിരക്കിലായിരുന്നതിനാൽ നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ച ആദ്യ രണ്ട് കോളുകളും അദ്ദേഹം ശ്രദ്ധിച്ചില്ല. മൂന്നാമത്തെ തവണ കോൾ എടുത്തപ്പോഴാണ് തന്റെ ജീവിതം മാറിമറിഞ്ഞ വാർത്ത അദ്ദേഹം അറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തിനൊപ്പം പങ്കിട്ട ഭാഗ്യം കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും അവസാന മൂന്ന് വർഷമായാണ് മുടങ്ങാതെ ടിക്കറ്റ് എടുക്കുന്നത്. സുഹൃത്തായ സുനിലിനൊപ്പമാണ് ഇത്തവണയും ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഇരുവരും പങ്കിടും. 10-ഉം 15-ഉം വർഷമായി ടിക്കറ്റ് എടുക്കുന്നവർക്കിടയിൽ തനിക്ക് ലഭിച്ച ഈ ഭാഗ്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി തുടരും വലിയ തുക സമ്മാനം ലഭിച്ചെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കാൻ തൽക്കാലം ശാന്തനുവിന് പദ്ധതിയില്ല. പണത്തിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് സാവധാനം ആലോചിച്ചു തീരുമാനിക്കും. അടുത്ത മാസം അബുദാബിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഭാര്യയെയും മകളെയും മസ്കറ്റിലേക്ക് കൊണ്ടുവന്ന് കൂടെ നിർത്താനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *