
Uae traffic alert;പ്രവാസികൾക്കടക്കം ആശ്വസിക്കാം, ഇനി പിഴയില്ല; പുതിയ തീരുമാനവുമായി അബുദാബി
Uae traffic alert;അബുദാബി: ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (ഇ311) കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 എന്നത് പിൻവലിക്കാൻ അബുദാബി. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതും ഹെവി ട്രക്കുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. അബുദാബി മൊബിലിറ്റിയാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മോട്ടോർ വാഹനങ്ങൾക്ക് കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 എന്നത് നിലനിർത്തേണ്ടി വരില്ല. കുറഞ്ഞ വേഗപരിധി സംബന്ധിച്ച സൂചനാബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഉയർന്ന വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ തന്നെയായിരിക്കും.
2023 ഏപ്രിലിലാണ് ഷെയ്‌ഖ് മൊഹമ്മദ് ബിൻ റാഷിദ് റോഡിൽ കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 ആയി ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം ആയിരുന്നു പിഴ (9000ൽ അധികം രൂപ). എന്നാൽ ഹെവി വാഹനങ്ങൾക്ക് നിയമം ബാധകമായിരുന്നില്ല. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബുദാബി മൊബിലിറ്റി ഏർപ്പെടുത്തിയ മറ്റൊരു സുരക്ഷാ കേന്ദ്രീകൃത സംരംഭത്തിന്റെ തുടർച്ചയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗപരിധിയിലെ പുതിയ മാറ്റം. ദിവസങ്ങൾക്ക് മുമ്പ്, അബുദാബി-സ്വീഹാൻ റോഡ് (ഇ20), ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (ഇ11) എന്നിവയുൾപ്പെടെ പ്രധാന ഹൈവേകളിലുടനീളം വേഗതാ പരിധി കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.

Comments (0)