Posted By Ansa Staff Editor Posted On

UAE Law; യുഎഇയിൽ വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾ; രാജ്യം വിട്ടാൽ പുതിയ പെർമിറ്റ് എപ്പോൾ? അറിയാം വിശദമായി

UAE Law; യുഎഇയിൽ നിയമലംഘനങ്ങൾ ചെയ്ത് രാജ്യം വിട്ട വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ഒരു വർഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 6 നിയമലംഘനങ്ങൾ ചെയ്തവരെയാണ് ഇത് ബാധിക്കുക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തെന്ന് തെളിയുക, ധാർമികതയ്ക്കു നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയിൽനിന്ന് അകാരണമായി വിട്ടുനിൽക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടർച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക എന്നീ നിയമലംഘനങ്ങളിൽ പെട്ടവർ പുതിയ വർക്ക് പെർമിറ്റിന് ഒരു വർഷം വരെ കാത്തിരിക്കണം.

ഇളവുള്ളവർ
തൊഴിൽ ബന്ധം പുനഃസ്ഥാപിക്കാൻ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക എന്നീ സന്ദർഭങ്ങളിൽ ഒരു വർഷം തികയുംമുൻപുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാമെന്നും ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാർഷികാവധി 30 ദിവസം
വീട്ടുജോലിക്കാരന് പൂർണ ശമ്പളത്തോടെ വർഷത്തിൽ 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. സേവന കാലയളവ് ഒരു വർഷത്തിൽ താഴെയും 6 മാസത്തിൽ കൂടുതലുമാണെങ്കിൽ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കും. വാർഷിക അവധി എപ്പോഴാണ് എടുക്കേണ്ടതെന്നും ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്ന് നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തുടർച്ചയായി 8 മണിക്കൂർ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന് 12 മണിക്കൂറിൽ കുറയാത്ത ദൈനംദിന വിശ്രമത്തിന് അർഹതയുണ്ട്.

നിയമം, അവകാശങ്ങൾ സംരക്ഷിക്കാൻ
യുഎഇയിൽ വീട്ടുജോലിക്കാരുടെയും തൊഴിൽ ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് ഗാർഹിക തൊഴിലാളി നിയമം. റിക്രൂട്മെന്റ്, വേതനം, താമസം, ചികിത്സ, ഭക്ഷണം, യാത്ര, അവധി, ഓവർടൈം, സേവനാന്തര ആനുകൂല്യം തുടങ്ങി തൊഴിലാളികളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നിയമം, തൊഴിൽ തർക്കവും വീസ/റിക്രൂട്ടിങ് തട്ടിപ്പുകൾ കുറയ്ക്കാനും സഹായകമാണ്. 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കാൻ പാടില്ല.

വീസയ്ക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം. വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം നൽകണം.

ഇതേസമയം കരാർ പ്രകാരം ജോലിയിൽ വീഴ്ച വരുത്തുന്ന തൊഴിലാളിക്കെതിരെയും നടപടിയുണ്ടാകും. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല. ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഗാർഹിക തൊഴിലാളികളെ ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *