Posted By Nazia Staff Editor Posted On

UAE Kochi ship service :കൊച്ചി-യുഎഇ കപ്പല്‍ സര്‍വീസ്;നടപടികള്‍ അന്തിമ ഘട്ടത്തില്‍;നേട്ടങ്ങളേറെ,പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക് ഇങ്ങനെ…

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

UAE Kochi ship service :കോഴിക്കോട്: കൊച്ചി-യുഎഇ കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. നേരത്തെ ബേപ്പൂരില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കേട്ടിരുന്നു എങ്കിലും തുറമുഖത്തെ ആഴക്കുറവ് കാരണം കൊച്ചിയാണ് പരിഗണനയില്‍. കേരളത്തിലെ മറ്റ് തുറമുഖങ്ങളെയും സര്‍വീസുമായി ബന്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പിന്നീട് പരിഗണിക്കും

ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ നേട്ടം യാത്രക്കാര്‍ക്ക് മാത്രമല്ല, ചരക്കു കയറ്റുമതിയും ടൂറിസവുമെല്ലാം പരിപോഷിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. രണ്ട് കമ്പനികളെ സര്‍ക്കാര്‍ ഇതിനു വേണ്ടി തിരഞ്ഞെടുത്തു കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 20ന് ദുബായില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതിയത് എങ്കിലും ചില തടസങ്ങള്‍ നേരിട്ടുവെന്ന് അധികൃതർ പറഞ്ഞു.

യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ മാര്‍ഗമുള്ള യാത്രയ്ക്ക് മൂന്ന് ദിവസം വേണ്ടി വരും. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ നാട്ടിലേക്ക് വന്നു മടങ്ങുന്ന പ്രവാസികള്‍ക്ക് കപ്പല്‍ സര്‍വീസ് ഗുണം ചെയ്‌തേക്കില്ല. അതേസമയം, കൂടുതല്‍ ലഗേജ് കൊണ്ടുവരുന്നവര്‍, ചരക്കുകള്‍ അയക്കുന്നവര്‍, വിനോദ സഞ്ചാരം കൂടി ലക്ഷ്യമിടുന്നവര്‍ എന്നിവര്‍ക്കാകും നേട്ടം. വിദേശത്ത് നിന്ന് ചികില്‍സയ്ക്ക് വേണ്ടി കേരളത്തിലേക്ക് വരുന്നവര്‍ക്കും നേട്ടമാണ്.

പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്

കൊച്ചി-യുഎഇ കപ്പല്‍ സര്‍വീസിന്റെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട വേളയില്‍ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 20000 രൂപ വരെ അടിസ്ഥാന ടിക്കറ്റ് നിരക്ക് വേണ്ടി വരുമെന്നായിരുന്നു വിവരം. പിന്നീട് നടന്ന തുടര്‍ ചര്‍ച്ചകളില്‍ 15000 രൂപയിലേക്ക് കുറയ്ക്കാന്‍ സാധിച്ചു. മാത്രമല്ല, ബജറ്റില്‍ സര്‍ക്കാര്‍ തുക നീക്കിവച്ചതും ചെലവ് കുറയാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനെല്ലാം പുറമെ ചരക്ക് കയറ്റുമതി കൂടി സാധ്യമാകുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കൈപ്പിടിയില്‍ ഒതുങ്ങാന്‍ സഹായിക്കും.

വിമാന ടിക്കറ്റ് നിരക്ക് അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ കപ്പല്‍ യാത്രയ്ക്ക് കൂടുതല്‍ പേര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷത്തിലധികം പ്രവാസികള്‍ യാത്രയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒട്ടേറെ സംഘടനകളും ചാര്‍ട്ടേഡ് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. 1250 പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാന്‍ പറ്റുന്ന സര്‍വീസാണ് വരുന്നത്. 1000 ടണ്‍ ചരക്കും കൊണ്ടുപോകാന്‍ സാധിക്കും.

നേട്ടങ്ങള്‍ ഇങ്ങനെയും

കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിന് എംഡിസി പ്രതിനിധികള്‍ ദുബായില്‍ പോയിരുന്നു. പ്രവാസികളുമായും വ്യവസായികളുമായും ചര്‍ച്ച നടത്തി. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ആഴ്ചയില്‍ 4000 കിലോ ഹല്‍വ കോഴിക്കോട് നിന്ന് പോകുന്നുണ്ടെന്നും അവര്‍ക്കെല്ലാം കപ്പല്‍ സര്‍വീസ് നേട്ടമാകുമെന്നും സിഇ ചാക്കുണ്ണി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കും പദ്ധതിയില്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *