ഇറാനു വൻ തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം: വൻ സ്ഫോടനങ്ങൾ
ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘‘മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും.’’–ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാൻ തയാറാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഒക്ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്തമാക്കി. ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാനു നേരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കൻ ഇന്റലിജൻസ് രേഖകൾ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.
Comments (0)