National vaccination campaign; പകർച്ചപ്പനി തടയാൻ യുഎഇയിൽ ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ ഈ ദിവസം മുതൽ തുടങ്ങും; പൊതുജനം പ്രയോജനപ്പെടുത്തുക
National vaccination campaign;ദുബൈ: പകർച്ചപ്പനി തടയുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്സിനേഷൻ ബോധവത്കരണ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇതിനായി രാജ്യത്തെ മെഡിക്കൽ പ്രഫഷനലുകളെ ഏറ്റവും പുതിയ അന്തർദേശീയ പ്രതിരോധ രീതികൾ ഉപയോഗിച്ച് സജ്ജമാക്കുകയും ടാർഗറ്റ് ഗ്രൂപ്പുകൾക്കായി വാക്സിൻ കവറേജ് വിപുലീകരിക്കുകയും ചെയ്യും. പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
വയോധികർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഉൾപ്പെടെ പകർച്ചപ്പനി മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരിലായിരിക്കും കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുക. യു.എ.ഇയിൽ വാർഷിക സീസണൽ വാക്സിനേഷൻ കാമ്പയിൻ സാധാരണ ഒക്ടോബറിലാണ് ആരംഭിക്കാറ്.
എന്നാൽ, സുരക്ഷിതമായ ശീതകാലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത്. വാക്സിനേഷനിലൂടെ 100 ശതമാനം രോഗ സംരക്ഷണം ഉറപ്പുനൽകുന്നില്ലെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഗുരുതരാവസ്ഥ കുറക്കാൻ കുത്തിവെപ്പ് സഹായകമാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
എമിറേറ്റ് ഹെൽത്ത് സർവിസസ് (ഇ.എച്ച്.എസ്), അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ (എ.ഡി.പി.എച്ച്.സി), ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അബൂദബി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
സമൂഹത്തിന് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനും അതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു ദേശീയ നയത്തിന്റെ ഭാഗമാണ് വാർഷിക വാക്സിനേഷൻ കാമ്പയിൻ. രോഗ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ രീതികൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകുന്നതിലൂടെ വൈറസിന്റെ വ്യാപനം തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്നതാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
കടുത്ത വേനൽക്കാലമായ ജൂലൈയിൽ പകർച്ചപ്പനി വൈറസ് നിലനിൽക്കുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു. കാലാവസ്ഥ മാറ്റം, രാജ്യാന്തരതലത്തിലുള്ള യാത്രകൾ, വിനോദ സഞ്ചാരികളുടെ ഒഴുക്ക് എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വേനൽ അവധിക്കുശേഷം സ്കൂളിലേക്ക് പോകുന്നതിന് മുമ്പായി വിദ്യാർഥികൾക്ക് വാക്സിൻ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ഡോക്ടർമാർ എടുത്തുപറഞ്ഞിരുന്നു.
Comments (0)