Freelance Residency Visa : യുഎഇയില്‍ ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് വിസ ഉണ്ടോ? തട്ടിപ്പുമായി ചിലര്‍ രംഗത്ത്
Freelance Residency Visa : അബുദാബി: യുഎഇ ‘ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് റസിഡന്‍സി വിസ’ ആരംഭിച്ചിട്ടുണ്ടെന്ന ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍മാരുടെയും ടൈപ്പിംഗ് സെന്ററുകളുടെയും അവകാശവാദങ്ങള്‍ ശരിയാണോ? അത് വിസ ഉടമകള്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും എളുപ്പത്തില്‍ ജോലി മാറാനും അനുവദിക്കുന്നുവെന്ന രീതിയിലാണ് പ്രചാരണം. പാസ്പോര്‍ട്ട് മാത്രം ഹാജരാക്കിയാല്‍ ഈ ഒരു വര്‍ഷത്തെ റെസിഡന്‍സി വിസ എടുക്കാമെന്ന് അവകാശപ്പെട്ട് ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നേരത്തെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍, ഇമിഗ്രേഷന്‍ വിദഗ്ധരും ടൈപ്പിംഗ് സെന്റര്‍ ഏജന്റുമാരും പറയുന്നത് ഇത് ഒരു തട്ടിപ്പാണ് എന്നാണ്. തരികിട ടൈപ്പിംഗ് സെന്ററുകളും വിസ കമ്പനികളുമാണ് ഇത്തരം തെറ്റായ പരസ്യങ്ങള്‍ക്കു പിന്നിലെന്നാണ് ഇവരുടെ പക്ഷം. വിദൂരമായി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതിനായി യുഎഇ അവതരിപ്പിച്ച വെര്‍ച്വല്‍ വര്‍ക്ക് വിസയാണ് ഒരു വര്‍ഷത്തെ റെസിഡന്‍സി വിസ എന്ന വ്യാജേന ഇവര്‍ പ്രചരിപ്പിക്കുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യുഎഇക്ക് പുറത്തുള്ള ഒരു സ്ഥാപനത്തില്‍ വിദൂരമായി ജോലി ചെയ്യുന്നുവെന്നും 3500 ഡോളര്‍ പ്രതിമാസ വരുമാനമുണ്ടെന്നും തെളിവ് സമര്‍പ്പിക്കുന്നവര്‍ക്കാണ് യുഎഇ വെര്‍ച്വല്‍ വര്‍ക്ക് വിസ നല്‍കുന്നത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമായി നിര്‍മിച്ചാണ് ചില തട്ടിപ്പ് കമ്പനികള്‍ പാസ്‌പോര്‍ട്ട് മാത്രം വെച്ച് ഒരു വര്‍ഷത്തെ വിസ സമ്പാദിച്ചു നല്‍കുന്നത്.
ഇങ്ങനെ തട്ടിപ്പിലൂടെ നേടിയ വിസയുമായി വന്ന ചില ആളുകള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പറഞ്ഞു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തെ റിമോട്ട് വര്‍ക്ക് വിസ ലഭിക്കുന്നതിന് ടൈപ്പിംഗ് സെന്ററിന് പണം നല്‍കിയ ഒരാളെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുഎഇ എമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ തിരിച്ചയക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. യുഎഇയില്‍ വന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാലാണ് ആളുകള്‍ ഇത്തരം വിസകള്‍ തേടുന്നത്. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് പിടിക്കപ്പെടുന്നത് അവരുടെ രാജ്യത്തേക്ക് വരാനുള്ള സാധ്യത തന്നെ നശിപ്പിക്കുമെന്നും അവര്‍ പറയുന്നു.
ലോകമെമ്പാടുമുള്ള ജീവനക്കാരെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കുന്ന റിമോട്ട് വര്‍ക്ക് വിസ പദ്ധതിക്ക് 2021ലാണ് യുഎഇ കാബിനറ്റ് അംഗീകാരം നല്‍കിയത്. ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍, യു.എ.ഇ.ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തില്‍ വിദൂരമായി ജോലി ചെയ്യുന്നതിന്റെയും പ്രതിമാസ ശമ്പളം 3,500 ഡോളര്‍ അല്ലെങ്കില്‍ അതിന് തുല്യമായ തുക ലഭിക്കുന്നു എന്നതിന്റെയും തെളിവ് ഹാജരാക്കണം. ദുബായിലെ വെര്‍ച്വല്‍ വര്‍ക്കിംഗ് പ്രോഗ്രാം വിദൂര തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും എമിറേറ്റില്‍ താമസിക്കാനുള്ള വിസയും നല്‍കുന്നു. പ്രതിമാസം കുറഞ്ഞത് 3500 ഡോളര്‍ (ഏകദേശം 13,000 ദിര്‍ഹം) ശമ്പളം നേടുന്നുവെന്നതിന് തെളിവായി സാലറി സര്‍ട്ടിഫിക്കറ്റ്, മുന്‍ മാസത്തെ ശമ്പള സ്ലിപ്പ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും നല്‍കണമെന്നാണ് നിയമം.
Comments (0)