
Kuwait illegal hunting :കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹ്മദ് പ്രകൃതി സംരക്ഷിത മേഖലയിൽ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത വാഹനത്തിൽ അതിക്രമിച്ചുകയറി വേട്ടയാടാൻ ശ്രമിച്ച രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച വാഹനവും വേട്ടയാടാൻ ഉപയോഗിച്ച ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു.
സംരക്ഷിത മേഖലയിലേക്ക് നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനം പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാർ ഉടൻ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി പൊലീസും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
സംരക്ഷിത മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരിസ്ഥിതി പൊലീസാണ് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടുകെട്ടിയതായും അത് പൊളിച്ച് നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
ഒരു വർഷം വരെ തടവ്; 5,000 ദിനാർ വരെ പിഴ
കുവൈത്തിലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 150-ാം വകുപ്പ് പ്രകാരം സംരക്ഷിത മേഖലകളിൽ അതിക്രമിച്ചുകയറുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കാം.
നിയമലംഘകർക്ക് ഒരു വർഷം വരെ തടവോ 500 മുതൽ 5,000 കുവൈത്ത് ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. വേട്ടയാടാൻ ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പരിസ്ഥിതി സംരക്ഷിത മേഖലകളിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഈ സംഭവത്തിലൂടെ അധികൃതർ നൽകുന്നു.