അബുദബി: അബുദബിയിലെ പ്രശസ്തമായ അൽ ഹുദൈരിയത്ത് ബീച്ചിലെ ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോമിലുണ്ടായ തീപിടുത്തം അബുദബി പൊലിസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
അപകടത്തിൽ ആർക്കും പരുക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ സംഭവസ്ഥലത്ത് തണുപ്പിക്കൽ (cooling), പുക നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്നോ ഉള്ള വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സുരക്ഷ മുൻനിർത്തി പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കാനും അടിയന്തര നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾ ഒഴിവാക്കാനും സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് അബുദബി പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.